പത്തനംതിട്ട : തൊഴിലാളി ദ്രോഹ ലേബർ കോഡുകള്‍ പിൻവലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുകയും ചെയ്യണമെന്ന് ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകളും കർഷക തൊഴിലാളി സംഘടനകളും സംയുക്തമായി രാജ്യവ്യാപകമായി നടത്തിയ ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി നടന്ന പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയവും വിദേശീയവുമായ വൻകിട കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയങ്ങൾ കേന്ദ്ര സർക്കാർ പിന്തുരുകയാണ്. 29 തൊഴിലാളി നിയമങ്ങൾ ക്രോഡീകരിച്ച് നാല് ലേബർ കോഡുകൾ നടപ്പാക്കിയത് തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും നശിപ്പിക്കാനാണെന്ന് ചിറ്റയം കുറ്റപ്പെടുത്തി. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രയും വേഗം നടപ്പാകുകയും മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുകയും കർഷക തൊഴിലാളി ദേശീയ നിയമം പാസാക്കുകയും ചെയ്യണമെന്ന് ചിറ്റയം ആവശ്യപ്പെട്ടു. സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ്, എ.ഐ.റ്റി.യു.സി. ജില്ലാ സെക്രട്ടറി ഡി.സജി, കർഷക സംഘം ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പി. ജയൻ, കെ.എസ്. കെ.റ്റി.യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ, വിവിധ സംഘടനാ നേതാക്കന്മാരായ കെ.സി.രാജഗോപാൽ എക്സ്.എം.എൽ.എ, ആർ. ഉണ്ണികൃഷ്ണപിളള എക്സ്.എം.എൽ.എ, രാജൻ സുലൈമാൻ, ബൻസി തോമസ്, പി.ജെ.അജയകുമാർ, സുനിതാ കുര്യൻ, ഫ്രാൻസ്.വി.ആന്റണി, കെ.ഐ.ജോസഫ്, ബൈജു ഓമല്ലൂർ, ശ്യാമ ശിവൻ, കെ.അനിൽകുമാർ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.






























