തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ കിഴക്കേകോട്ട കണ്ണമ്പുഴ വീട്ടിൽ അനിത.പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ, ചിയ്യാരത്തുള്ള സോണി അംഗീകൃത സർവ്വീസ് സെന്ററിലെ മാനേജർ, എന്നിവര്‍ ചേര്‍ന്ന് ടി,വിക്ക് നല്‍കിയ വിലയായ 22,900 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിച്ചത്.
അനിത 22,900 രൂപ നൽകിയാണ് സോണി ടിവി വാങ്ങിയതു്. ഫിറ്റ് ചെയ്യുവാൻ കൊണ്ടുവന്നപ്പോൾ ടി.വിക്ക് തകരാര്‍ കാണുകയും തുടർന്ന് ടി.വി മാറ്റി നൽകുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റി നൽകിയ ടി.വിയും പ്രവർത്തനരഹിതമായി. പരാതിപ്പെട്ടപ്പോൾ ടി.വി കൊണ്ടുപോവുകയും തകരാര്‍ പരിഹരിക്കുന്നതിന് 12,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പണം നൽകുവാൻ അനിത തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് തകരാർ പരിഹരിക്കാതെ സോണി കമ്പനി ടി.വി മടക്കി നൽകുകയായിരുന്നു. തുടർന്ന് നീതി ലഭിക്കാന്‍ അനിത തൃശൂർ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ കോടതിക്ക് റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, പരാതിക്കാരിക്ക് ടി.വി യുടെ വിലയായ 22,900 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.
































