തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും വയനാട്ടില്‍ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായി മത്സരിക്കുന്ന കെ സുരേന്ദ്രന് 242 ക്രിമിനല്‍ കേസുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായാണ് സുരേന്ദ്രന്‍ ഇപ്പോൾ മത്സരിക്കുന്നത്.
നിയമപ്രകാരം സുരേന്ദ്രന്‍ തന്റെ കേസുകളുടെ വിശദാംശങ്ങള്‍ അടുത്തിടെ പാര്‍ട്ടി മുഖപത്രത്തില്‍ മൂന്ന് പേജുകളിലായി പ്രസിദ്ധീകരിച്ചിരുന്നു. അതുപോലെ ബി.ജെ.പി എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണനെതിരെ 211 കേസുകളും ഉണ്ട്. 2018ല്‍ നടന്ന ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും. മിക്ക കേസുകളും കോടതിയിലാണ്. പാര്‍ട്ടി നേതാക്കള്‍ സമരമോ പ്രതിഷേധമോ നടത്തുമ്പോള്‍ പോലീസ് അതുമായി ബന്ധപ്പെട്ട് കേസെടുക്കും’.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ 242 കേസുകളില്‍ 237 കേസുകള്‍ ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ടാണെന്നും അഞ്ചെണ്ണം കേരളത്തില്‍ വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.