കൊച്ചി: കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്ന കണ്ടുപിടിത്തവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കല്ലുമ്മക്കായയുടെ ജനിതകരഹസ്യമാണ് കണ്ടെത്തിയത്. ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം ഗവേഷകർ വിജയകരമായി പൂർത്തിയാക്കി.ജലാശയ മലിനീകരണം എളുപ്പത്തിൽ മനസിലാക്കാനും ഭാവിയിൽ ക്യാൻസർ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കും. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നിൽ. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ (ഡി.ബി.ടി) സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം.
നേച്ചർ ഗ്രൂപ്പിന്റെ സയന്റിഫിക് ഡാറ്റ ജേണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചു. ഡോ.എ. ഗോപാലകൃഷ്ണൻ, വി.ജി വൈശാഖ്, ഡോ. വിൽസൺ സെബാസ്റ്റ്യൻ, ഡോ. ലളിത ഹരിധരണി, ഡോ. അഖിലേഷ് പാണ്ഡെ, ഡോ. അഭിഷേക് കുമാർ, ഡോ.ജെ.കെ ജെന എന്നിവർ പങ്കാളികളായി.ജലകൃഷിരംഗത്ത് വാണിജ്യപ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. വളർച്ച, പ്രത്യുത്പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതക വിവരങ്ങളാണ് കണ്ടെത്തിയത്. രോഗപ്രതിരോധശേഷിയുള്ളതും ഉത്പാദനക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും.