തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പോലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചു. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. ദുരൂഹ ഇടപാടുകാരനാണ് ജോൺ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറിൽ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തിൽ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോൺ പറഞ്ഞിരുന്നത്. പോലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടരുകയാണ്. ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങളിൽ സ്ഥിരീകരണം വരുത്താനായി ഇൻ്റർപോളിൻ്റെ സഹായം ക്രൈംബ്രാഞ്ച് തേടും.
നിലവിൽ പുറത്തുവരുന്ന വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദർ ഇൻ്റർപോളിന് കത്ത് നൽകും. സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇൻ്റർപോളിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. 80 വയസ്സിൽ അധികമുള്ള ഹൃദ്രോഗബാധിതനായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിമഗനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ഇതിനിടെയാണ് സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങൾ സജീവമായത്. ജോൺ മേനോൻ എന്ന പേരിൽ സുകുമാരക്കുറുപ്പ് ബ്രൂണെയിൽ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.































