ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗീയ. പഞ്ചസാരയുടെ വില ഇനിയും ഉയരണമെന്നാണ് തന്റെ അഭിപ്രായമെന്നും 40 വയസിന് മുകളിലുള്ളവർ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മധ്യപ്രദേശ് പാർലമെന്ററി കാര്യ മന്ത്രി കൂടിയായ വിജയവർഗീയയുടെ പരാമർശം. മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും താൻ മധുരം കഴിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാരയുടെ വില വളരെ കൂടുതലായിരിക്കണമെന്നാണ് താൻ പറയുന്നത് എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. കുട്ടികൾക്ക് സർക്കാർ റേഷൻ കടകൾ വഴി കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭ്യമാക്കാമെന്നും പ്രായമായവർക്ക് പഞ്ചസാര നൽകേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
40 വയസിന് മുകളിലുള്ളവർ പഞ്ചസാര ഒഴിവാക്കണമെന്നും ഇടയ്ക്കിടെ ശർക്കര ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. ആയുർവേദ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ 40 കഴിഞ്ഞവർ പഞ്ചസാര കഴിക്കുന്നത് നല്ലതല്ലെന്ന് പറയുന്നുണ്ടെന്നും വിജയവർഗീയ അവകാശപ്പെട്ടു. പഞ്ചസാര വില ഉയരുന്നതിൽ ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. ഉത്സവ സീസൺ അടുത്തിരിക്കെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നുവെന്ന വിമർശനവും ശക്തമാണ്.






























