കൊല്ലം : നിയന്ത്രണങ്ങളോടെയും കരുതലോടെയും പുതുവർഷ ആഘോഷം. രാത്രി കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാലും കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നു നിർദേശമുള്ളതിനാലും ആഘോഷത്തിന്റെ പകിട്ടു കുറയും. ഒമിക്രോൺ ഭീഷണി മൂലമാണു കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേ തുടർന്നു മിക്ക റിസോട്ടുകളും ഹോട്ടലുകളും രാത്രിയിലെ ആഘോഷ പരിപാടികൾ റദ്ദു ചെയ്തു. ആഘോഷ പരിപാടികൾ പകൽ മാത്രമായി ചുരുക്കി. സിനിമാ തിയറ്ററുകളും രാത്രി 10നു ശേഷമുള്ള റിസർവേഷൻ റദ്ദു ചെയ്തു. തിയറ്ററുകളിൽ ഹോട്ടലുകളിലും 50% പേരുടെ സാന്നിധ്യമേ പാടുള്ളൂ എന്നാണ് നിർദേശം. കച്ചവട സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പുതുവർഷ വിൽപനയെ ബാധിക്കും. ബീച്ചിലെ തിരക്കു നിയന്ത്രിക്കും. അതേസമയം രാത്രി നടത്താൻ നിശ്ചയിച്ചിരുന്ന പല ആഘോഷങ്ങളും നേരത്തെ അവസാനിക്കുന്ന തരത്തിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.
ഡിടിപിസിയുടെ ആഘോഷം
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും ആശ്രാമം അഡ്വഞ്ചർ പാർക്കിൽ കൊല്ലമാസ് ഫെസ്റ്റ് – 2022 നടക്കും. രാവിലെ മുതൽ വൈകിട്ടു വരെയാണ് ആഘോഷം. പൊതുജനങ്ങൾക്കു സൗജന്യ പ്രവേശനമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസത്തിനും കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പരിപാടികൾ ഉണ്ട്. മാജിക് ഷോ, കരോക്കേ ഗാനമേള, വിവിധ ഗെയിംഷോ, കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകും. 10 മുതൽ വൈകിട്ടു 6 വരെ ഓരോ മണിക്കൂറിന്റെയും ഇടവേളകളിൽ നറുക്കെടുപ്പിലൂടെ 10 പേർക്ക് സൗജന്യമായി ബോട്ടിങ്, അഡ്വഞ്ചർ, ആക്ടിവിറ്റി എന്നിവയ്ക്ക് അവസരമുണ്ടാകും.
നിയന്ത്രണങ്ങൾ പാലിക്കാൻ തയാറാക്കണം
പുതുവത്സര ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് കളക്ടർ അഫ്സാന പർവീൺ. രോഗവ്യാപന സാധ്യതകൾ ഒഴിവാക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും നിർദേശങ്ങൾ പാലിച്ചും പൊതുജനങ്ങൾ സഹകരിക്കണം. എല്ലാ ആഘോഷങ്ങളും രാത്രി 10 നു മുൻപ് അവസാനിപ്പിക്കണം. പൊതുസ്ഥലത്ത് നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെക്ടർ മജിസ്‌ട്രേട്ടുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.