അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൻ്റെ മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിതനായതിൽ പ്രതികരണവുമായി റിട്ട.എയർ മാർഷൽ ജിതേന്ദ്ര മിശ്ര. നിലവിൽ താൻ ഇവിടുത്തെ സംവിധാനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് പഠിച്ചുവരികയാണെന്നും ട്രസ്റ്റിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ പൂർണമായി മനസ്സിലാക്കിയ ശേഷം, ട്രസ്റ്റിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് തന്റെ ടീമുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ജിതേന്ദ്ര മിശ്ര വ്യക്തമാക്കി. അയോധ്യയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോൾ ഞാൻ ഇവിടുത്തെ കാര്യങ്ങളെല്ലാം പഠിച്ചുവരുന്നതേയുള്ളൂ. എല്ലാം മനസ്സിലാക്കിക്കഴിഞ്ഞാൽ, ട്രസ്റ്റിന്റെ നിർദേശങ്ങൾ സ്വീകരിക്കും. ഞങ്ങളുടെ ടീമിന്റെ സഹകരണത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. പുതിയ പദ്ധതികളോ തന്ത്രങ്ങളോ രൂപീകരിച്ചാലുടൻ നിങ്ങളെ അറിയിക്കുന്നതായിരിക്കും”- ജിതേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് വെസ്റ്റേൺ എയർ കമാൻഡിന് നേതൃത്വം നൽകിയ മിശ്രയെ ബുധനാഴ്ചയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയായി നിയമിച്ചത്. അയോധ്യയിൽ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. സിഇഒയെ തിരഞ്ഞെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു മിശ്രയുടെ നിയമനം. അയ്യായിരത്തിലധികം അപേക്ഷകരിൽനിന്ന് കർശനമായ പരിശോധനകൾക്ക് ശേഷമാണ് സിഇഒയെ തിരഞ്ഞെടുത്തത്. ഇതിനായി നിയോഗിച്ച സെർച്ച് കമ്മിറ്റി ചൊവ്വാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു






























