ചെങ്ങന്നൂര്‍: ഭാരതത്തിന്റെ പരമോന്നത നീതിപീഠ വിധിക്ക് പ്രായോഗികത ഇല്ലെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അത്യന്തം കൗതുകകരവും പ്രതിഷേധാര്‍ഹവുമാണന്ന് റവ ഫാ ഡോ.തോമസ് വര്‍ഗ്ഗീസ് അമയില്‍ ( വൈദിക ട്രസ്റ്റി). ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുനിന്ന് ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിക്കുന്നില്ല. നീതിപീഠങ്ങളുടെ വിധിക്ക് പ്രായോഗികത ഇല്ലെന്ന പ്രസ്താവന ജനാധിപത്യത്തെയും ജുഡീഷ്യറിയേയും വെല്ലുവിളിക്കുന്നതാണ്. ഒരു നൂറ്റാണ്ട് നീതിപീഠങ്ങള്‍ ഇഴകീറി പരിശോധിച്ച സഭാവിഷയങ്ങളില്‍ പ്രായോഗികത പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് എങ്ങനെ ആണ് പറയുവാന്‍ കഴിയുക. അപ്രകാരം വാദം ഉയര്‍ത്തിയാല്‍ അത് കോടതി വിധികളെപ്പറ്റി ശരിയായ ഗ്രാഹ്യം ഇല്ലാത്തതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്ക് ബോധ്യപ്പെട്ട പ്രായോഗികതയാണ് അതിന്റെ വിധി. സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നം വെക്കുന്ന പ്രയോഗികത വോട്ടുബാങ്ക് സമ്മര്‍ദ്ധമാകാം. ഇപ്പോഴതൊരു ഉപതിരഞ്ഞെടുപ്പ് തന്ത്രവുമാകാം. എന്നാല്‍ ഇത്തരം പ്രാദേശിക സമ്മര്‍ദ്ധങ്ങള്‍ക്ക് കീഴ്‌പ്പെടുന്നതല്ല ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റ വിധിയും അതിന്റെ അന്തസത്തയും. ഇന്ത്യന്‍ പീനല്‍കോഡുകള്‍ മാറ്റിവച്ച് പ്രായോഗിക വിധിപറയണം എന്ന വാദം വളരെ വിചിത്രമാണ്. അങ്ങിനെ കോടതികള്‍ വിധിപറഞ്ഞു തുടങ്ങിയാല്‍ ഭാരതത്തിന്റെ ജനാധിപത്യത്തിന്റെയും ജുഡീഷ്യറിയുടെയും അവസ്ഥ എന്താകും. ഒരു ജനത ഉയര്‍ത്തിപ്പിടിച്ച സ്വാതന്ത്ര ദാഹത്തെ ഇത്ര വിലകുറച്ചു കാണുകയും നിയമവശങ്ങള്‍ പരിഗണിക്കാതെ അഭിപ്രായം പറയുകയും ചെയ്താല്‍ അത് സഭാ തര്‍ക്കത്തെ കൂടുതല്‍ വഷളാക്കുവാനേ സഹായിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.