തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച നാലാഞ്ചിറ ബെനഡിക്ട് നഗറില്‍ കൊപ്പാരഴികത്ത് ഫാ. കെ.ജി. വര്‍ഗീസിന്റെ മൃതസംസ്കാരമാണു നാട്ടുകാര്‍ പ്രതിഷേധിച്ച് തടഞ്ഞത്.
ആദ്യം നാലാഞ്ചിറയിലുളള പളളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനാണ് ആലോചിച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ കഴിയില്ല എന്നതിനാല്‍ മലമുകളിലെ പള്ളി സെമിത്തേരിയില്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. ഇതനുസരിച്ച് കുഴിയെടുക്കുന്നത് അടക്കമുള്ള നടപടികള്‍ മുന്നോട്ടുപോകുന്നതിനിടെയാണു നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. ഇതോടെ സംസ്കാര നടപടികള്‍ നിര്‍ത്തിവെച്ച് നഗരസഭാ അധികൃതര്‍ തിരികെ പോയി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏപ്രില്‍ 20നുണ്ടായ സ്കൂട്ടര്‍ അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ വൈദികന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മേയ് 20 വരെ ചികിത്സയിലായിരുന്നു. രോഗം അല്പം ഭേദമായതിനെത്തുടര്‍ന്ന് പേരൂര്‍ക്കട ഗവണ്മെന്റ് ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് കഴിഞ്ഞ 31-ന് ശ്വാസതടസം രൂക്ഷമായതോടെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണു മരണം സംഭവിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണു കോവിഡ് രോഗമുണ്ടായിരുന്നു എന്നു കണ്ടെത്തിയത്. എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.