അഞ്ചൽ : സ്വകാര്യ ഉടമസ്ഥതയിലുള്ള മൃഗവളർത്തൽ കേന്ദ്രത്തിൽനിന്ന് 85 ചാക്ക് അരിയും ഗോതമ്പും ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പിടികൂടി സീൽ ചെയ്തു. ഏരൂർ തുമ്പോട്ട് പ്രവർത്തിക്കുന്ന ഫാമിനോട് ചേർന്ന ഗോഡൗണിൽ നിന്നാണ് റേഷൻ സാധനങ്ങളെന്ന് തോന്നിക്കുന്ന അരിയും ഗോതമ്പും പിടികൂടിയത്.
സിവിൽ സപ്ലൈസ് അധികൃതർക്ക് ലഭിച്ച വിവരത്തെതുടർന്നാണ് ജില്ല സപ്ലൈ ഓഫിസർ ഗംഗാദേവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഗോഡൗണിൽ 88 പ്ലാസ്റ്റിക് ചാക്കുകളിലായാണ് അരിയും ഗോതമ്പും സൂക്ഷിച്ചിരുന്നത്.
റേഷനരിയോട് സാമ്യമുള്ള, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള അരിയും ഗോതമ്പുമാണ് പിടികൂടിയത്. വസ്തുക്കളുടെ അളവ് രേഖപ്പെടുത്തി സാമ്പിൾ ശേഖരിച്ച ശേഷം സീൽ ചെയ്തു. ഫാം ഉടമക്ക് നോട്ടീസ് നൽകി. കൂടുതൽ പരിശോധക്ക് ശേഷമേ റേഷനരിയാണോയെന്ന് വ്യക്തമാകൂ.