പത്തനംതിട്ട : പത്തനംതിട്ട റിംഗ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. റിംഗ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം വകുപ്പ് സംഘടിപ്പിച്ച യോഗത്തില്‍ പത്തനംതിട്ട നഗരസഭ അധ്യക്ഷനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
റിംഗ് റോഡിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശവും നടപ്പാത, ചെടികള്‍, ഇരിപ്പിടങ്ങള്‍, ജംഗ്ഷനുകളുടെ വിപുലീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ജില്ലയുടെ പൈതൃകം ഉള്‍ക്കൊള്ളുന്ന ചുവര്‍ ചിത്രങ്ങളും റോഡ് സുരക്ഷാ മുന്‍കരുതലും ഉറപ്പാക്കും. റിംഗ് റോഡ് വികസനം ബൃഹത്തായ തലത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി.സക്കീര്‍ഹുസൈന്‍ പറഞ്ഞു. വഞ്ചിപ്പൊയ്ക വെള്ളച്ചാട്ടം, ചുട്ടിപ്പാറ തുടങ്ങിയ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ വികസിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട നഗരത്തിലെ പ്രധാന പാതയാണ് 5.50 കിലോമീറ്റര്‍ ദൂരം വരുന്ന റിംഗ് റോഡ്. റിംഗ് റോഡ് നവീകരണത്തിന് 4.50 കോടി രൂപയാണ് പി.ഡബ്ല്യു.ഡി ഭരണാനുമതി നല്‍കിയിരിക്കുന്നത്. പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം തുടര്‍ നടപടി സ്വീകരിക്കും. റിംഗ് റോഡിലെ വഴിവിളക്കുകള്‍ക്ക് അസൗകര്യമായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ പത്തനംതിട്ട ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈറ്കുട്ടി, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ഡബ്യു.ഡി (റോഡ്സ്) വിനു, പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഷീലാ ബീഗം, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.