പത്തനംതിട്ട : താഴേവെട്ടിപ്രം റിംഗ് റോഡിലെ മൂന്ന് കടകള്‍ കത്തിച്ച സംഭവത്തില്‍ പോലീസ് അനാസ്ഥ കാട്ടുന്നതായി എസ്ഡിപിഐ ആറന്‍മുള മണ്ഡലം കമ്മിറ്റി ആരോപിച്ചു.
എസ്പി ഓഫീസിന് തൊട്ടടുത്തുള്ള വെട്ടിപ്പുറം പൂവന്‍പാറയില്‍ ബഷീറിന്റെ ചായക്കട, ചവറ സ്വദേശിയുടെ കട, റിംഗ്‌റോഡിന് അരികില്‍ സി എം ജോണിന്റെ മാടക്കട എന്നിവയാണ് സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. ഇതില്‍ സി.എം ജോണിന്റെ മാടക്കട പൂര്‍ണ്ണമായി കത്തിനശിച്ചു. നഗരത്തില്‍ അക്രമം അഴിച്ചുവിടാനുള്ള ചില ശക്തികളുടെ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായി എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് ആരോപിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുദിവസം കഴിഞ്ഞിട്ടും പോലീസ് മേധാവിയുടെ കാര്യലയത്തിന്റെ സമീപത്തു നടന്ന ആസൂത്രിതമായ അക്രമത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ പോലീസ് കാട്ടുന്ന
തികഞ്ഞ അനാസ്ഥ ഇത്തരം സംഭവം നഗരത്തില്‍ ആവര്‍ത്തിക്കാന്‍ കാരണമാകുമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു.
കോവിഡ് മഹാമാരിയില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധരെ പിടികൂടണമെന്നും കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറന്‍മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, ട്രഷറര്‍ സി പി നസീര്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് നിയാസ് കൊന്നമ്മൂട് എന്നിവര്‍ സംഭവസ്ഥലം സസന്ദര്‍ശിച്ചു.