ഇംഫാൽ: മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. മെയ്തെയ്- കുക്കി ഏറ്റുമുട്ടല്‍ നടക്കുന്ന ഇംഫാലില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൈനയുടെയും പാകിസ്ഥാന്‍റെയും പിന്തുണ അക്രമകാരികള്‍ക്കുണ്ടെന്ന് അസംറൈഫിള്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ലഫ് ജനറല്‍ ഡോ പിസി നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണിപ്പൂരില്‍ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കാങ്പോക്പി ജില്ലയിലെ താങ് ബൂഹ് ഗ്രാമത്തില്‍ മെയ്തെയ് കുക്കി വിഭാഗങ്ങളുടെ ഏറ്റുമുട്ടലിലാണ് 46കാരി കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചക്കുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഇരുവിഭാഗങ്ങളും ബോംബെറിഞ്ഞാണ് ആക്രമിച്ചത്. നിരവധി വീടുകള്‍ക്ക് തീ വച്ചു. ഗ്രാമവാസികള്‍ സമീപമുള്ള വനത്തില്‍ അഭയം തേടിയിരിക്കുകയാണ്.
കഴിഞ്ഞ രാത്രി സിപആര്‍പിഎഫും സായുധരായ അക്രമികളും ഏറ്റുമുട്ടി. ചൈനയും പാകിസ്ഥാനുമാണ് അക്രമികള്‍ക്ക് ഇത്തരത്തില്‍ ആയുധവും പണവുമെത്തിക്കുന്നതെന്ന് മണിപ്പൂരിന് സുരക്ഷയൊരുക്കുന്ന അസം റൈഫിള്‍സിന്‍റെ മുന്‍ ഡിജി വെളിപ്പെടുത്തുന്നു. ഇതോടൊപ്പം വന്‍ ലഹരിമരുന്ന് കടത്തും നടക്കുന്നുണ്ടെന്ന് മണിപ്പൂരില്‍ സേവനമനുഷ്ഠിച്ച ലഫ് ജനറല്‍ പിസി നായര്‍ പറഞ്ഞു.