തിരുവനന്തപുരം : ബി.ജെ.പി നേതാവും ഒബിസി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷനുമായ ഋഷി പൽപ്പു കോൺഗ്രസിൽ ചേർന്നു. കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തിനെതിെര ഋഷി പൽപ്പു രംഗത്തുവരുകയും പാർട്ടിയിൽ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാജീവ് ഗാന്ധി സെന്‍റർ ഫോർ സ്റ്റഡീസിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനിൽ നിന്നാണ് ഋഷി പൽപ്പു അംഗത്വം സ്വീകരിച്ചത്.
കുഴൽപ്പണ വിവാദത്തിൽ ബി.ജെ.പി സംസ്ഥാനനേതൃത്വം പ്രതിക്കൂട്ടിലായ പശ്ചാത്തലത്തിൽ ബി.ജെ.പി തൃശൂർ ജില്ലാ നേതൃത്വത്തെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് റിഷി പൽപ്പു ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. കെ.സുധാകരൻ അധ്യക്ഷനായതിനു ശേഷം ശക്തമായ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസ് മാറുന്നതിന്‍റെ സൂചനയാണുള്ളതെന്ന് റിഷി പൽപ്പു അഭിപ്രായപ്പെട്ടു.