മല്ലപ്പള്ളി : മണിമലയാറിലേക്ക് വലിച്ചെറിഞ്ഞ മാലിന്യം മുഴുവൻ അതേപടി കരയിലേക്ക് തിരിച്ചു നിക്ഷേപിച്ച് മണിമലയാർ. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും പടുതോട് പാലത്തിനുസമീപം കൂട്ടിയിട്ടിട്ടാണ് പ്രളയജലം ഒഴുകി മാറിയത്. പെരുവന്താനം മലനിരകളിൽ പിറന്ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ കടന്ന് വേമ്പനാട്ട് കായലിലെത്തുന്ന മണിമലയാറിന്റെ തീരദേശം ജനവാസ മേഖലയാണ്.
നദി ഒഴുകുന്ന പല ഭാഗത്തായി നിക്ഷേപിച്ച ചപ്പുചവറുകളെല്ലാമാണ് ഇപ്പോൾ പടുതോട് പാലത്തിന് സമീപം ഉപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു പ്രളയം കഴിഞ്ഞപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത് . പ്രളയം മാറി കഴിയുമ്പോൾ വൻ മാലിന്യ കൂമ്പാരം വാരി മാറ്റേണ്ട ജോലിയാണ് പ്രദേശവാസികൾക്കും അധികൃതർക്കും ഉള്ളത്.