റിയാദ് : റിയാദ് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനിയാണ് റിയാദിൽ ചികിത്സയിൽ കഴിയുന്നത്. എയർപോർട്ടിലെ കരാർ ജീവനക്കാരനായ ഇദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ 4 സൗദി പൗരന്മാരും 8 വിദേശികളുമാണ് ഉൾപ്പെടുന്നത്.
വിദേശികളിൽ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരെ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരൻമാരും ഉൾപ്പെടുന്നു. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിനുമാണ് മന്ത്രി നേരിട്ടെത്തിയത്. ആക്രമണത്തിൽ വിമാനത്താവളത്തിനുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.




























