ന്യൂഡല്‍ഹി: ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി)പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ആര്‍.ജെ.ഡിയിലെ അഞ്ച് സിറ്റിംഗ് പാര്‍ട്ടി എം.എല്‍.സികള്‍ (മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍) മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ (ജനതാദള്‍ യുണൈറ്റഡ്) ജെ ഡി യുവില്‍ ചേര്‍ന്നു.
രാധചരണ്‍ ഷാ (2015), സഞ്ജയ് പ്രസാദ് (2015), ദിലീപ് റായ് (2015), എം ഡി കമര്‍ ആലം (2016), രണ്‍വിജയ് കുമാര്‍ സിംഗ് (2016) എന്നിവരാണ് ജെ ഡി യുവില്‍ ചേര്‍ന്നത്. ഒക്‌ടോബര്‍ മുതല്‍ നവംബര്‍ വരെയാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവില്‍ ആര്‍ ജെഡിക്ക് മൂന്ന് എം എല്‍ സികളാണ് ഉള്ളത്. മൊത്തം എട്ട് എം എല്‍ സികളാണുണ്ടായിരുന്നത്. ജെഡിയുവിലേക്ക് ഔദ്യോഗികമായി ചേരുന്നത് സംബന്ധിച്ചുള്ള കത്ത് ജെ ഡി യു ചീഫ് വിപ്പ് റീനാ ദേവി നിയമസഭാ സമിതിയുടെ ആക്ടിംഗ് ചെയര്‍മാന് കൈമാറി.75 അംഗ കൗണ്‍സിലിലെ 21 എം എല്‍ സികളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ ജെഡിയുവിന് നിലവില്‍ 46 സീറ്റുകളില്‍ 29 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. 16 എം എല്‍ സികളാണ് ബി ജെ പിക്കുള്ളത്. കൂടാതെ ഒരു സ്വതന്ത്ര എം എല്‍ സിയുടെ പിന്തുണയുമുണ്ട്. ഒമ്പത് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ ആറിന് ഷെഡ്യൂള്‍ ചെയ്യും.