കോഴഞ്ചേരി: പുല്ലാട് വടക്കേ കവലയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് വടക്കേ കവലയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. എതിര്‍ ദിശയില്‍ നിന്ന് വന്ന കാറുകള്‍ തമ്മില്‍ റോഡ് മറികടക്കുന്നതിനിടെ നേര്‍ക്കുനേര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് കുടുംബങ്ങളാണ് കാറുകളില്‍ സഞ്ചരിച്ചതെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. പുല്ലാട് തെക്കേ കവലയില്‍ നിന്ന് മല്ലപ്പള്ളി ഭാഗത്തേക്ക് പോയ കാറും മുട്ടുമണില്‍ നിന്ന് ചെറുകോല്‍പ്പുഴക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. രണ്ടു കാറുകളുടേയും മുന്‍ഭാഗം തകര്‍ന്നു. ഒരു കാര്‍ തല കീഴായി മറിഞ്ഞു. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് സമീപത്തെ മീന്‍ കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. കോയിപ്രം പോലീസ് സ്ഥലത്ത് എത്തി.
മുട്ടുമണ്‍ – ചെറുകോല്‍പ്പുഴ റോഡും കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയും കൂടിച്ചേരുന്ന പുല്ലാട് വടക്കേ കവല കഴിഞ്ഞ ഏതാനും നാളുകളായി സ്ഥിരം അപകട മേഖലയായി മാറിക്കഴിഞ്ഞു. ഒരാഴ്ച മുമ്പ് ബൈക്ക് യാത്രികന് റോഡ് മുറിച്ചു കടക്കുമ്പോള്‍ മറ്റൊരു വാഹനത്തില്‍ തട്ടി പരുക്കേറ്റിരുന്നു.
നാട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ ഇവിടെ വേഗനിയന്ത്രണ സംവിധാനവും സൂചന ബോര്‍ഡും സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്‌സി.എന്‍ ജീനീയര്‍ ഉറപ്പു നല്‍കി.