കോന്നി : തുടര്‍ച്ചയായി പെയ്യുന്ന മഴ കോന്നിയിലെ റോഡ് നിര്‍മ്മാണങ്ങളെ സാരമായി ബാധിക്കുന്നു. പ്രധാനമായും കോന്നി ചന്ദനപ്പള്ളി റോഡ്, കല്ലേലി ഊട്ടുപാറ റോഡ് തുടങ്ങി നിരവധി ചെറുതും വലുതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മഴ ശക്തമായതിനെ തുടര്‍ന്ന് വഴിമുട്ടിനില്‍ക്കുന്നത്. പുനലൂര്‍ – മൂവാറ്റുപുഴ പാതയില്‍ കോന്നി റീച്ചില്‍ ടാറിംഗ് ഇനിയും പൂര്‍ത്തിയാകാനുണ്ട് പലയിടങ്ങളിലും ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്.
കോന്നിയിലെ വിവിധ സ്കൂളുകളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ ദിവസവും ഇരുനൂറ് രൂപയിലധികം ചിലവാക്കി ഓട്ടോയിലും മറ്റുമാണ് സ്കൂളില്‍ എത്തുന്നത്. കോന്നി റീച്ചില്‍ ഓടയുടെ അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനാല്‍ ചെറിയ ഒരു മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം നിറഞ്ഞ് യാത്ര ദുഷ്കരമാകുന്ന അവസ്ഥയാണുള്ളത്. പുനലൂര്‍ മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ 738 കോടി രൂപ ചിലവിൽ മൂന്ന് റീച്ചുകളായാണ് നടക്കുന്നത്.
പുനലൂര്‍ മൂവാറ്റുപുഴ പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കോന്നി മാമ്മൂട് ചിറ്റൂര്‍മുക്ക് വഴി പോകേണ്ട വാഹനങ്ങള്‍ ഇപ്പോള്‍ പൂങ്കാവ് റോഡ് വഴിയും ചാങ്കൂര്‍മുക്ക് കുമ്പഴ റോഡ് വഴിയുമാണ് തിരിച്ച് വിട്ടിരിക്കുന്നത്. ഇതിനോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി തുറന്നതോടെ കോന്നിക്കും കുമ്പഴയ്ക്കും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
പുനലൂർ മുതൽ കോന്നി വരെ 226.61 കോടി രൂപയാണ് അടങ്കൽ തുക. സംസ്ഥാനത്ത് പ്രൊക്യൂർമെൻ്റ് കൺസ്ട്രക്ഷൻ രീതിയിൽ നിർമ്മിക്കുന്ന ആദ്യ റോഡാണിത്. പതിനാല് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. ചന്ദനപ്പള്ളി പൂങ്കാവ് റോഡിലും ഇതാണ് അവസ്ഥ. കോന്നി ചന്ദനപ്പള്ളി റോഡ് തകര്‍ച്ച നേരിടാന്‍ തുടങ്ങിയിട്ടും കാലങ്ങള്‍ കഴിഞ്ഞു. കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് ഭാഗം ടാറിംഗ് നടന്നിരുന്നു. കോന്നിയിലെ മറ്റ് നിരവധി റോഡുകളും മഴ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നുണ്ട്. ഇത് ശബരിമല തീര്‍ത്ഥാടനത്തെയും സാരമായി ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു.