കൊച്ചി : സംസ്ഥാനത്തെ റോഡുകളിലെ കുഴിയടക്കലുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ദേശീയപാതകളിലെ കുഴികൾ അടച്ച് ഒരാഴ്ചക്കുള്ളിൽ ഗതാഗതയോഗ്യമാക്കണമെന്ന് കോടതി കഴിഞ്ഞ തവണ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുഴിയടക്കാൻ കോടതി അനുവദിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ദേശീയപാതകളിലെ അറ്റകുറ്റപ്പണി തിരക്കിട്ട് ഏകദേശം പൂര്‍ത്തിയാക്കിയെങ്കിലും പൊതുമരാമത്ത് റോഡുകളിലെ പണികള്‍ പലയിടത്തും ബാക്കിയാണ്.
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ അറ്റകുറ്റപ്പണിയുടെ നിലവാരം സംബന്ധിച്ച് തൃശൂർ, എറണാകുളം ജില്ലാ കലക്ടർമാർ സമർപ്പിച്ച റിപ്പോർട്ടും കോടതി ഇതോടൊപ്പം പരിഗണിച്ചേക്കും.
മരണക്കുഴികള്‍ ഏറെയുണ്ടായിരുന്ന ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയായി. പതിവ് പോലെ വഴിപാടായി കുഴി അടയ്ക്കാനുള്ള കരാര്‍ കമ്പനിയുടെ നീക്കം ജില്ലാ ഭരണകൂടം ഇടപെട്ട് തടഞ്ഞു. ദേശീയപാത അറുപ്പത്തിയാറില്‍ കായംകുളം ഭാഗത്തെ തകരാറും പരിഹരിച്ചു.
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ ചിലതൊക്കെ പൊളിഞ്ഞു തന്നെ കിടക്കുകയാണ്. നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലൊണ് റോഡുകളുടെ കുഴി അടയ്ക്കാന്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കിയത്.