മൂവാറ്റുപുഴ : റോഡ് വികസനത്തിന് സ്വന്തം വീട്ടുമതില്‍ പൊളിച്ച് സ്ഥലം ഏറ്റെടുക്കാന്‍ സമ്മതപത്രം നല്‍കി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കക്കടാശ്ശേരി – കാളിയാര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന സ്ഥലപരിശോധനക്കിടെയാണ് സമ്മതപത്രം നല്‍കിയത്.റോഡിന്റ ഓരത്ത് പൈങ്ങോട്ടൂരാണ് എം.എല്‍.എയുടെ വീട്.
ജനപ്രതിനിധികളെയും പൊതുമരാമത്ത്, റവന്യൂ, കെ.എസ്.ടി.പി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചായിരുന്നു സ്ഥല പരിശോധന നടന്നത്. റോഡിന് വീതി ഇല്ലാത്തിടങ്ങളില്‍ ജനങ്ങള്‍ സഹകരിച്ച് പരമാവധി സ്ഥലം വിട്ടു നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. നിര്‍ദേശം സ്വീകരിച്ച് നിരവധി നാട്ടുകാര്‍ സ്ഥലം നല്‍കാന്‍ തയാറായി എത്തി.
വികസത്തിന് തടസ്സമായ ടെലിഫോണ്‍, കെ.എസ്.ഇ.ബി കുടിവെള്ള പൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. കക്കടാശ്ശേരി കാളിയാര്‍ റോഡിന്റെ പരിശോധനയാണ് തുടങ്ങിയത്. മൂവാറ്റുപുഴ തേനി റോഡിന്റെയും കക്കടാശ്ശേരി കാളിയാര്‍ റോഡിന്റെയും നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തുക.