പത്തനംതിട്ട : അപകടക്കെണിയായി ജില്ലയിലെ പാതയോരങ്ങള്‍. കൂറ്റന്‍ തടികളും ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന ആക്രി വാഹനങ്ങളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും റോഡുകള്‍ കയ്യടക്കിയിരിക്കുകയാണ്. ഗ്രാമങ്ങളിലെ വീതികുറഞ്ഞ റോഡുകളില്‍പ്പോലും കൂറ്റന്‍ തടികള്‍ കാണാം. ഇത്തരം തടിയില്‍ ഇടിച്ചാണ് കഴിഞ്ഞദിവസം മലയാലപ്പുഴക്കടുത്ത് വടക്കുപുറത്ത് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന വ്യാപാരി മരിച്ചത്. പൊതുവേ വീതികുറഞ്ഞ പാതയാണ് ആഞ്ഞിലികുന്ന് – മലയാലപ്പുഴ റോഡ്, എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് തടി വ്യാപാരികള്‍ ഇവിടെ വലിയ തടികള്‍ കൂട്ടിയിട്ടത്. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന റോഡുകളുടെ വശങ്ങള്‍ നിറയെ ആക്രി വണ്ടികളാണ്. പലതും കാട് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ചെറു വാഹനങ്ങള്‍ മുതല്‍ ബസ്സുകളും ലോറികളും ജെ.സി.ബികളും വരെ ഈ കൂട്ടത്തിലുണ്ട്.
വാഹന വര്‍ക്ക് ഷോപ്പുകള്‍ പലതും പ്രവര്‍ത്തിക്കുന്നത് റോഡിലാണ്. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡിന് വീതി കൂട്ടാത്തതും ഉള്ള റോഡുകള്‍പോലും കയ്യേറുകയും ചെയ്തതോടെ വാഹനങ്ങള്‍ ഇനി എവിടെക്കൂടി ഓടിക്കുമെന്നാണ് ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ നടപ്പാത മിക്കയിടത്തും വ്യാപാരികള്‍ കയ്യേറിയിരിക്കുകയാണ്. കുമ്പഴ പെട്രോള്‍ പമ്പിനു സമീപമുള്ള ഒരു വ്യാപാരി നടപ്പാതയുടെയും റോഡിന്റെയും ഇടയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയും പൊളിച്ചുമാറ്റിയാണ് ഇവിടം കടയുടെ ഭാഗമാക്കിയത്. ഇതിനെതിരെ കുമ്പഴ വികസന സമിതി പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കോന്നി, റാന്നി തുടങ്ങിയ സ്ഥലങ്ങളിലും നടപ്പാത കയ്യേറിയിട്ടുണ്ട്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കുവാനാണ് ഹൈവേയുടെ ഇരുവശത്തും ടൈല്‍സ് ഇട്ട് മനോഹരമാക്കിയ നടപ്പാതകള്‍ കെ.എസ്.ടി.പി നിര്‍മ്മിച്ചത്. എന്നാല്‍ ഇവിടം ഇപ്പോള്‍ വ്യാപാരികള്‍ കയ്യേറിയിരിക്കുകയാണ്. കടയിലെ സാധനങ്ങളില്‍ ഏറിയ പങ്കും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നടപ്പാതയിലാണ്. കൂടാതെ കടയുടെ ബോര്‍ഡും പലരും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഭാഗങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി മാത്രമേ യാത്ര തുടരുവാന്‍ കഴിയൂ. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടകരമായ സാഹചര്യത്തിലാണ് ദിവസേന യാത്ര ചെയ്യുന്നത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ തികഞ്ഞ നിസ്സംഗത പാലിക്കുകയാണ്.