കൊച്ചി : ബൈക്കില്‍ ലിഫ്റ്റ് കൊടുത്തശേഷം ആളൊഴിഞ്ഞയിടത്ത് എത്തിയപ്പോള്‍ യുവാവിന്റെ കഴുത്തില്‍ കത്തിവച്ച് ഒന്നര പവന്റെ മാലയും ഇരുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് കടന്നുളഞ്ഞ പ്രതി കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായി. എടവനക്കാട് പുത്തന്‍ വീട്ടില്‍ അനീഷ് കാസിമിനെയാണ് (34) മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുതുവൈപ്പ് സ്വദേശി രതീഷിന്റെ മാലയും മൊബൈലുമാണ് ഇക്കഴിഞ്ഞ 13ന് രാവിലെ അനീഷ് കവര്‍ന്നത്.
എറണാകുളം ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാണ് അനീഷിന്റെ ബൈക്കില്‍ രതീഷ് ലിഫ്റ്റ് ചോദിച്ചു കയറിയത്. പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിന് അടുത്തെത്തിയപ്പോള്‍ അനീഷ് കൈയില്‍ കരുതിയിരുന്ന കത്തി രതീഷിന്റെ കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തി. ജീവന്‍ രക്ഷിക്കാന്‍ മാലയും മൊബൈലും കൈമാറുകയായിരുന്നു. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് കാളമുക്കില്‍ നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത്. പൊട്ടിച്ചെടുത്ത മാല ജുവലറിയില്‍ വിറ്റതായാണ് മൊഴി. മാലയും മൊബൈല്‍ ഫോണും വീണ്ടെടുക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. മുളവുകാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.