കയ്പമംഗലം : ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് അടച്ചിട്ട ഇരുനില വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. ശ്രീനാരായണ വായനശാലയ്ക്ക് വടക്ക് മേനോത്ത് മാധവന്റെ വീടാണ് കുത്തിത്തുറന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. വീടിനകത്തെ അലമാരകള്‍ തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.
മാധവന്റെ രണ്ടാമത്തെ മകന്‍ രതീഷും കുടുംബവുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ ഇപ്പോള്‍ വിദേശത്താണ്. തൊട്ടടുത്ത് താമസിക്കുന്ന മൂത്ത മകന്‍ രമേഷ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. തൊട്ടടുത്ത ഇയ്യാനി ഞായക്കാട്ട് ജിനേഷിന്റെ വീടിന്റെ വാതിലും കുത്തിത്തുറക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.