പാലാ : വീടു വയ്ക്കാൻ സൗജന്യമായി 3 സെന്റ് സ്ഥലം നൽകി മാണി സി കാപ്പൻ എം.എൽ.എയും സഹോദരൻ ചെറിയാൻ സി കാപ്പനും. അപകടത്തെത്തുടർന്നു ദുരിതത്തിലായ വള്ളിച്ചിറ മൂന്നുതൊട്ടിയിൽ എം.ടി റോയിച്ചനാണ് ഇടപ്പാടിയിൽ സ്ഥലം നൽകിയത്.
മുൻ എം.പിയും നഗരസഭാധ്യക്ഷനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമയ്ക്കായി വാങ്ങിയ 53 സെന്റിൽ നിന്നാണു റോയിച്ചന് സ്ഥലം നൽകിയത്. സ്കൂൾ വിദ്യാർഥിയായിരിക്കെ വാഹനാപകടത്തിൽ റോയിച്ചന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ദീർഘനാൾ ചികിത്സ നടത്തിയെങ്കിലും ശാരീരിക വിഷമതകളിലാണു റോയിച്ചൻ.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് അപേക്ഷകളിൽ നിന്ന് അർഹരെ തെരഞ്ഞെടുക്കുന്നത്. കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചിരുന്ന 2 കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിന് 6 സെന്റ് സ്ഥലവും പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജനു 3 സെന്റ് സ്ഥലവും നേരത്തേ നൽകിയിരുന്നു.
റോയിച്ചനു സ്ഥലത്തിന്റെ രേഖകൾ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൈമാറി. ചെറിയാൻ സി കാപ്പൻ, ഡിജോ കാപ്പൻ, നഗരസഭ കൗൺസിലർ ജിമ്മി ജോസഫ്, മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ പങ്കെടുത്തു.