ചിറ്റാർ : ചിറ്റാര്‍ ആങ്ങമൂഴിയിലെ വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയെന്ന് സംശയം. ആങ്ങമൂഴി കോട്ടമൺ പാറയാലാണ് ഉരുൾ പൊട്ടി നാശനഷ്ടം ഉണ്ടായത്. ആങ്ങമൂഴി – പ്ളാപ്പള്ളി വനത്തിൽ നിന്നും ആങ്ങമൂഴി തേവർമല വനമേഖലയിൽ നിന്നുമാണ് ഉരുൾപൊട്ടിയത്. ശനിയാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ് വനത്തിൽ നിന്നും ഉരുൾ പൊട്ടിയത്.
കോട്ടമൺപാറ ലക്ഷ്മീഭവനിൽ സഞ്ജയന്റെ വീട്ടുമുറ്റത്ത് കാർഷെഡ്ഡിൽ കിടന്ന കാറും പുകപുരയും ഷീറ്റുപുരയിലെ റബർ റോളറും മലവെള്ള പാച്ചിലിൽ ഒഴുകി പോയി. ശനിയാഴ്ച വൈകുന്നേരം 5.15 നാണ് സംഭവം. ആങ്ങമൂഴി വനത്തിൽ ഉരുൾപൊട്ടി അടിയാൻ കാല തോട്ടിലൂടെ ഒഴുകി വന്ന മലവെള്ളപാച്ചിലിലാണ് സഞ്ചയൻ്റെ വീട്ടുമുറ്റത്ത് കിടന്ന കാർ ഒഴുകിപ്പോയത്.
ആങ്ങമൂഴി പ്ലാപ്പള്ളി വനത്തിൽ ഉരുൾപൊട്ടി ശങ്കരം തോട്, പാലതടിയാർ തോട്ടിലൂടെ ഒഴുകിയെത്തി മലവെള്ളം കോട്ടമൺപാറ പാലത്തിനു മുകളിലൂടെ ഒഴുകി.പാലത്തിനു കേടുപാടുകൾ സംഭവിച്ചു.രാത്രിയും കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുകയാണ്. കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും ഉരുൾപൊട്ടിയതായി സംശയം ഉയരുന്നുണ്ട്.