തിരുവനന്തപുരം : കേരള കോണ്‍ഗ്രസില്‍ (എം) വിപ്പ് നല്‍കാനുള്ള അധികാരം തനിക്കാണെന്ന് ജോസ് കെ.മാണി പക്ഷം എം.എല്‍.എ റോഷി അഗസ്റ്റിന്‍. പാര്‍ട്ടി അംഗങ്ങള്‍ വിപ്പ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. വിപ്പ് നല്‍കാനുള്ള അധികാരം തനിക്കാണെന്ന് നിയമസഭയുടെ രേഖകളിലുണ്ട്. വിപ്പ് പാലിച്ചില്ലെങ്കില്‍ ജോസഫ് പക്ഷത്തിനെതിരെ കര്‍ശന നടപടിയുണ്ടാകും. വിപ്പിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നവര്‍ അതും ഓര്‍ക്കണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നത് എന്തര്‍ത്ഥത്തിലാണ്. തങ്ങള്‍ക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചവര്‍ക്ക് എങ്ങനെ വീണ്ടും നടപടിയെടുക്കാനാവുമെന്നും റോഷി ചോദിക്കുന്നു. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്റേയും എന്‍.ജയരാജന്റെയും തീരുമാനം. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ജോസഫ് പക്ഷത്തിനു വേണ്ടി മോന്‍സ് ജോസഫ് വിപ്പ് നല്‍കിയിരുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സി.എഫ് തോമസ് സഭയില്‍ ഹാജരാകില്ല.