ചെങ്ങന്നൂര്‍ : എം.സി റോഡില്‍ ആഞ്ഞിലിമൂട് ജംഗ്ഷനിലെ വാഹന ഗതാഗതത്തിന് പൂര്‍ണ്ണമായി അപകട സാധ്യത ഒഴിവാക്കുന്നതിനുള്ള റൗണ്ട് എബൗട്ട് നിര്‍മ്മാണം അവസാനഘട്ടത്തില്‍. നഗരസഭ അതിര്‍ത്തിക്കു സമീപമുള്ള ആഞ്ഞിലിമൂട് ജംഗ്ഷനില്‍, കൊല്ലകടവ് കോടുകുളഞ്ഞി റോഡ് എം.സി റോഡില്‍ പ്രവേശിക്കുന്ന കേന്ദ്രത്തിലാണ് റൗണ്ട് എബൗട്ട് പൂര്‍ത്തീകരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ റോഡപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയായിരുന്നു. ഒട്ടേറെ ജീവിതങ്ങളും പൊലിഞ്ഞിരുന്നു. ജനപ്രതിനിധികളും നിരവധി സംഘടനകളും നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടില്ല.
2018 ല്‍ മന്ത്രി സജി ചെറിയാന്‍റെ എംഎല്‍എ ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ച് ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചതോടെയാണ് ഇവിടെ വാഹന അപകടങ്ങള്‍ക്ക് അറുതിയായത്. ചെങ്ങന്നൂര്‍ – അടൂര്‍ സുരക്ഷാ ഇടനാഴിയുടെ ജോലികള്‍ ആരംഭിച്ചപ്പോള്‍ ഇരു റോഡുകളുടെയും സംഗമ സ്ഥാനമായ ആഞ്ഞിലിമൂട്ടില്‍ കൂടുതല്‍ സുരക്ഷയ്ക്കായി റൗണ്ട് എബൗട്ട് നിര്‍മ്മാണം പ്രത്യേക പദ്ധതിയായി മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശിച്ചത്.
മാവേലിക്കരയില്‍ നിന്ന് കൊല്ലകടവ് കോടുകുളഞ്ഞി റോഡിലൂടെ ചെങ്ങന്നൂരിലേക്കും എം.സി റോഡില്‍ ചെങ്ങന്നൂരില്‍ നിന്ന് അടൂരിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലൈഫ്റ്റ് സൗകര്യമുണ്ടാകും. എം.സി റോഡിലൂടെ മുളക്കുഴ ഭാഗത്തു നിന്നും ചെങ്ങന്നൂരിലേക്ക് വരുന്ന വാഹനങ്ങളും ചെങ്ങന്നൂരില്‍ നിന്ന് കോടുകുളഞ്ഞി ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും റൗണ്ട് എബൗട്ട് തിരിഞ്ഞു വേണം യാത്ര തുടരുവാന്‍. പ്രൊജക്ട് മാനേജര്‍ ശ്രീരാജിന്‍റെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. 86 ലക്ഷം രൂപ ചിലവു വരുന്ന ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ആഞ്ഞിലിമൂട് ജംഗ്ഷനിലൂടെയുള്ള വാഹന യാത്ര അപകടരഹിതവും സുഗമവുമാകുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.