ദുബായ് : ടി 20 ക്രിക്കറ്റില്‍ റെക്കോഡിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അര്‍ധ നേടിയ കോലി ടി 20 ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. 13 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലിയെ തേടി നേട്ടമെത്തിയത്. മുംബൈക്കെതിരെ 42 പന്തില്‍ 51 റണ്‍സാണ് കോലി നേടിയത്. മത്സരത്തിന് മുമ്പ് കോലിയുടെ അക്കൗണ്ടില്‍ 9987 റണ്‍സുണ്ടായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിലേയും ഡല്‍ഹിക്ക് വേണ്ടി ആഭ്യന്തര സീസണിലും ഐപിഎല്ലിലും നേടിയ റണ്‍സാണ് കണക്കിലെടുക്കുക. 2007 മുതല്‍ ഇതുവരെ 314 മത്സങ്ങള്‍ കോലി കളിച്ചു. 10,038 റണ്‍സാണ് കോലി ഇതുവരെയുള്ള സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ചുറികളും 74 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഇക്കാര്യത്തില്‍ വിന്‍ഡീസ് താരം ക്രിസ് ഗെയ്ലാണ് ഒന്നാമന്‍. ഐപിഎല്ലിന് മുമ്പ് 446 മത്സരങ്ങളില്‍ നിന്ന് 14,262 റണ്‍സ് ഗെയ്ല്‍ നേടിയിരുന്നു. 22 സെഞ്ചുറികളും 87 അര്‍ധ സെഞ്ചുറികളും ഗെയ്ലിന്റെ ഇന്നിംഗ്സുകളിലുണ്ട്.
കീറണ്‍ പൊള്ളാര്‍ഡാണ് മൂന്നാം സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സ് താരമായ പൊള്ളാര്‍ഡിന്റെ അക്കൗണ്ടില്‍ 11,159 റണ്‍സുണ്ട്. പാകിസ്ഥാന്റെ ഷൊയ്ബ് മാലിക് 10,808 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്. ഡേവിഡ് വാര്‍ണര്‍ (10,019) അഞ്ചാമതാണ്.ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് കോലി. 202 മത്സരങ്ങളില്‍ 6185 റണ്‍സാണ് കോലി നേടിയത്. അഞ്ച് സെഞ്ചുറികളും 42 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
മുംബൈക്കെതിരെ 54 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മുംബൈ 18.1 ഓവറില്‍ 111ന് പുറത്തായി.