തിരുവനന്തപുരം : യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തകരെ കിട്ടില്ലെന്നും കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആര്‍എസ്‌പി സംസ്ഥാന കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്. ജില്ലകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ടാണ് സെക്രട്ടറിമാര്‍ യുഡിഎഫ് ബന്ധം തുടരുന്നതിലെ പ്രവര്‍ത്തകരുടെ പ്രതിഷേധം ചൂണ്ടികാട്ടിയത്.
കോണ്‍ഗ്രസുമായുള്ള സഹകരണം തുടര്‍ന്നാല്‍ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ആവര്‍ത്തിക്കും. ജില്ലാ സെക്രട്ടറിമാരുടെ അഭിപ്രായത്തിന് ചുവടുപിടിച്ചാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും സംസാരിച്ചത്.
യുഡിഎഫ് വിടാനുംവയ്യ, വിടാതിരിക്കാനും വയ്യ എന്ന വല്ലാത്തൊരു രാഷ്‌ട്രീയ പ്രതിസന്ധിയില്‍ ആണ് ആര്‍എസ്‌പി എന്നും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിക്ക് ഇനി പിളരാന്‍ ത്രാണി ഇല്ലെന്നും മുന്നണി വിടുന്നെങ്കില്‍ ഒറ്റക്കെട്ടായി തീരുമാനം എടുക്കണമെന്നും വാദം ഉയര്‍ന്നു. ഇപ്പോള്‍ മുന്നണി വിടാനുള്ള സാഹചര്യം ഇല്ലെന്നും രാഷ്‌ട്രീയ സഹാചര്യം വരുമ്പോള്‍ പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അതിനൊപ്പം ഉണ്ടാവുമെന്നും എന്നാണ് യോഗത്തില്‍ അധ്യക്ഷനായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞത്.
യുഡിഎഫ് എന്ന കപ്പലിനെ മുക്കുന്ന പണിയാണിപ്പോള്‍ കോണ്‍ഗ്രസ് ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ ഷിബു ബേബിജോണ്‍ അനുകൂലമായ രാഷ്‌ട്രീയ സാഹര്യം വരുമ്പോള്‍ മുന്നണി മാറ്റം ആലോചിക്കേണ്ടി വരുമെന്നും ചൂണ്ടികാട്ടി. കോണ്‍ഗ്രസിന്റെ ഈ പൊക്ക് യുഡിഎഫിനെ തകര്‍ക്കുമെന്നും ഷിബു കുറ്റപ്പെടുത്തി. കല്‍പ്പാന്തകാലത്തോളം കോണ്‍ഗ്രസ് ബന്ധം തുടരില്ലെന്ന് എ എ അസീസ് മറുപടി പറഞ്ഞു.
ഇടതുപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ആര്‍എസ്‌പിക്ക് കല്‍പ്പാന്തകാലത്തോളം കോണ്‍ഗ്രസുമായുള്ള ബന്ധം തുടരാന്‍ കഴിയില്ല. ചവറയില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് വലിയ വീഴ്‌ചകാട്ടിയെന്നും എ.എ.അസീസ് പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലും യുഡിഎഫ് യോഗത്തിലും തുറന്നുപറയും. ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാമെന്നും അസീസ് പറഞ്ഞു. ബാബുദിവാകരന്‍, ഇറവൂര്‍ പ്രസന്നകുമാര്‍, സി ഉണ്ണികൃഷ്‌ണന്‍, കെ എസ് വേണുഗോപാല്‍, സജി ഡി ആനന്ദ്, കെ മുസ്‌തഫ, അഡ്വ. സണ്ണിക്കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.