കോഴിക്കോട് : കേരളത്തിലെ സർക്കാർ മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണെന്ന് ആര്‍എസ്എസ് നാഷണല്‍ എക്സിക്യുട്ടീവ് അംഗം റാം മാധവ്. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തതെന്നും ഇതവരുടെ ജീനില്‍ ഉള്ളതാണെന്നും റാം മാധവ് പറഞ്ഞു. മാപ്പിള കലാപ രക്തസാക്ഷി അനുസ്മരണ സമിതി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്‍റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്. ഇതേ മനോഭാവമുള്ളവരാണ് ഇപ്പോൾ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. താലിബാൻ സംഘടനയല്ല മനോഭാവമാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. ഇതിന് ഏറ്റവും കൂടുതൽ ഇരയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിഭജനകാലത്തടക്കം അത് കണ്ടുവെന്നും അതിൽ ഏറ്റവും ആദ്യത്തേതാണ് കേരളത്തിൽ നടന്ന മാപ്പിള കലാപമെന്നും റാം മാധവ് പറഞ്ഞു. ചരിത്രം മറന്നാൽ അതാവർത്തിക്കും. കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.