തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആര്‍എസ്‌എസ് ദ്വിതീയ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ പേര് നല്‍കാന്‍ ആര്‍എസ്‌എസ് ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘമോ മറ്റേതെങ്കിലും അനുബന്ധ സംഘടനകളോ ബന്ധപ്പെട്ട പ്രവര്‍ത്തകരോ ഇത്തരമൊരാവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചില്ലന്ന് മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടറുമായ ആര്‍ സഞ്ജയന്‍ വ്യക്തമാക്കി.
രാജീവ്ഗാന്ധിയുടെ പേരിലുള്ള ഒരു സ്ഥാപനത്തിന്റെ അനുബന്ധ കേന്ദ്രത്തിന് ഗുരുജിയുടെ പേരുനല്‍കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തെ ആദരിക്കുന്ന പ്രവര്‍ത്തിയായി യുക്തിബോധമുള്ള ആരെങ്കിലും അംഗീകരിക്കുമെന്ന് തോന്നുന്നില്ലന്ന് ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
വ്യക്തിപൂജയെ അശേഷംകൊണ്ടാടാത്ത സംഘടനയാണ് ആര്‍എസ്‌എസ്. ആ പാരമ്പര്യം സൃഷ്ടിച്ചത് സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗെവാറാണ്. തലമുറകളുടെ മനസ്സിലേക്ക് ഈ ആശയത്തെ ആഴത്തില്‍ ഉറപ്പിച്ചത് എം.എസ്. ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജിയും. ഇവര്‍ക്ക് ആഡംബരപൂര്‍ണമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ സംഘം ശ്രമം നടത്തിയിട്ടില്ല. സഞ്ജയന്‍ ലേഖനത്തില്‍ വ്യക്തമാക്കി.
തിരുവന്തപുരത്ത് ആരംഭിക്കുന്ന രാജീവ്ഗാന്ധി ബയോടെക്‌നോളജിയുടെ രണ്ടാം കേന്ദ്രത്തിന് ഗുരുജിയുടെ പേരു നല്‍കുമെന്ന് ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ വര്‍ധനാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ രംഗത്തു വന്നിരുന്നു.