റാന്നി : റബർ വിലയിടിവ് മൂലം കടക്കെണിയിലായ കർഷകരെ ദുരിതത്തിലാഴ്ത്തി മഴയും ആഡിസ് വിലവർദ്ധനവും. വേനൽമഴ ശക്തമായതോടെ പലർക്കും ടാപ്പിംഗ് നടത്താൻ പറ്റാത്ത അവസ്ഥയിലാണ്. കിഴക്കൻ മേഖലയിൽ എല്ലാ ദിവസവും മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ നിരവധി റബർ മരങ്ങൾ കടപുഴകി. ഇതിന്റെ കൂടെ ആസിഡിനും വിലവർദ്ധിച്ചതോടെ കർഷകർ ഇരട്ടി ദുരിതത്തിലായിരിക്കുകയാണ്. ആസിഡിന് ഇരട്ടിയോളം രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ ആസിഡിന്റെ 5 കിലോഗ്രാം ജാറിന് 650 രൂപയായിരുന്നു വില. ഇപ്പോഴത് 1200 രൂപയായി. രാസവളങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. യൂറിയയുടെ കുറവാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്.
ടാപ്പിംഗിന് ശേഷം സംഭരിക്കുന്ന റബർ പാൽ ഉറ കൂട്ടി ഷീറ്റ് ആക്കുന്നതിനാണ് ഫോർമിക് ആസിഡ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ആസിഡ് ചേർത്ത് തയാറാക്കി വൃത്തിയായി പുകപ്പുരകളില്‍ ഉണക്കിയെടുക്കുന്ന ആർഎസ് 4 ഷീറ്റ് ആണ് വാഹനങ്ങളുടെ ടയർ പോലെയുള്ള ഉൽപ്പന്നങ്ങൾക്ക് ഉപയോഗിക്കുന്നത്. ഉൽപ്പാദന ചിലവും കൂലിയും വിലയും തട്ടിച്ചാൽ കാര്യമായ വരുമാനമൊന്നും കർഷകർക്ക് ലഭിക്കുന്നില്ല. ചിലതാകട്ടെ നഷ്ടത്തിലും കലാശിക്കുന്നു. ഇത്തരത്തിൽ നഷ്ടത്തിൽ കലാശിച്ച് നിരവധി തോട്ടങ്ങളാണ് ടാപ്പിംഗ് നടത്താതെ വെറുതെ ഇട്ടിരിക്കുന്നത്. ആസിഡിന്റെ വിലവർദ്ധനവ് കർഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന വിലയുടെ നേരെ ഇരട്ടി വർദ്ധിപ്പിച്ചത് അതിനനുസരിച്ച് മറ്റു ചിലവുകളും കൂടാൻ ഇടയാകും.
ഈ വിലവർദ്ധനവ് ഇപ്പോൾ ടാപ്പിംഗ് ചെയ്യുന്ന തോട്ടങ്ങൾ പോലും തുടർ വർഷങ്ങളിൽ ടാപ്പിംഗ് ചെയ്യാനാവാത്ത സാഹചര്യമാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ടാപ്പിംഗ് തൊഴിൽ മാർഗമായി സ്വീകരിച്ചിരിക്കുന്ന നിരവധി ആളുകളുടെ ജീവിതമാർഗം ഇല്ലാതാവും. കേരളത്തിൽ ഉൽപ്പാദനത്തിന് ചിലവ് കൂടി വരുന്നതിനാൽ കോയമ്പത്തൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് റബർ കൃഷി വ്യാപിക്കുന്നുണ്ട്. ഇതു റാന്നി പോലുള്ള മേഖലയെ ഭാവിയിൽ സാരമായി ബാധിക്കും. ടാപ്പിംഗിനായി ഇപ്പോൾ തന്നെ നിരവധി കർഷകരും ഈ മേഖലകളിലേക്ക് കടക്കുന്നുണ്ട്.