കോട്ടയം: ലോക്ഡൗണും വേനല്‍മഴയും റബര്‍ കര്‍ഷകരെയും ടാപ്പിങ് തൊഴിലാളികളെയും വ്യാപാരികളെയും ഒന്നുപോലെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മധ്യകേരളത്തിലടക്കം സംസ്ഥാനത്തെ 12 ലക്ഷത്തോളം വരുന്ന ചെറുകിട കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ നേരിടുന്നത് കനത്ത ദുരിതമാണ്.
ദിവസങ്ങളായി തുടരുന്ന മഴയില്‍ ടാപ്പിങ് നിലച്ചതും തിരിച്ചടിയായി. മലയോര മേഖലയിലാണ് പ്രതിസന്ധികൂടുതലും. ഇവിടെ കര്‍ഷകരും തൊഴിലാളികളും അര്ധപട്ടിണിയിലാണ്. ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവരും നിരവധിയുണ്ട്. റബര്‍ വില ഉയര്‍ന്നുനില്‍ക്കുന്നുണ്ടെങ്കിലും ലോക്ഡൗണില്‍ വ്യാപാര മേഖല സ്തംഭിച്ചതോടെ കച്ചവടവും നടക്കുന്നില്ല. 169 രൂപവരെയാണ് വില. അന്താരാഷ്ട്ര മാര്‍ക്കറ്റിലും ആഭ്യന്തര മാര്‍ക്കറ്റിലും മെച്ചപ്പെട്ട വിലയുണ്ടെങ്കിലും ആവശ്യക്കാര്‍ കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 173-174 രൂപവരെയാണ് വില.
കര്‍ഷകര്‍ക്കൊപ്പം വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. വിപണിയില്‍ സ്തംഭനാവസ്ഥ തുടര്‍ന്നാല്‍ വിലയിടിയുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. അതിനിടെ വിലയിടിക്കാന്‍ ടയര്‍ ലോബിയും രംഗത്തുണ്ട്. ചരക്കുനീക്കം സുഗമമല്ലെന്ന സ്ഥിതിയും നിലനില്ക്കുന്നു. പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാരോ റബര്‍ ബോര്‍ഡോ നടപ്പാക്കിയിട്ടില്ല. റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരെ കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ ഉല്പാദനം ഗണ്യമായി കുറയുമെന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം മാത്രം ഉല്പാദനത്തില് 15,000 ടണ്‍ വരെ കുറയുമെന്നും കണക്കാക്കുന്നു. കഴിഞ്ഞ മാസം റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഉല്പാദനത്തില് വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു -45,000 ടണ്‍. ഈ മാസം ഉല്പാദനം അരലക്ഷം ടണ്‍ കവിയുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. അതിനിടെ റെയിന്‍ ഗാര്‍ഡ് സംവിധാനമുള്ള തോട്ടങ്ങളില്‍ തൊഴിലാളി ക്ഷാമവും നേരിടുന്നു. സംസ്ഥാനത്തുള്ള ചെറുകിട റബറധിഷ്ഠിത യൂനിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യവസായ യൂനിറ്റ് ഭാരവാഹികളും ആവശ്യപ്പെടുന്നു.