കോട്ടയം : സംസ്ഥാനത്ത് നിലവിൽ വന്ന ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ റബർ കർഷകർക്ക് ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഴക്കാലത്ത് റബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന റെയിൻ ഗാർഡും മറ്റ് ഉപകരണങ്ങളും വിൽക്കുന്ന കടകൾ ആഴ്ചയിൽ ചില ദിവസമെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ജോസ് കെ മാണി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത് . മഴക്കാലം അടുത്ത സാഹചര്യത്തിൽ റബർ കർഷകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ് . ഈ അവസരത്തിലാണ് അവർക്ക് സഹായകമാവുന്ന ആവശ്യങ്ങൾക്കായി കേരളാ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
കൂടാതെ തോട്ടങ്ങളിൽ റബർ ലാറ്റെക്സ് കളക്ട് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ബാരലുകൾ വിതരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനുളള യാത്രാനുമതി നല്‍കണമെന്നും കേരളാ കോൺഗ്രസ് സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പാർട്ടി ചെയർമാൻ ജോസ് കെ മാണി, എം എൽ എമാരായ റോഷി അഗസ്റ്റിൻ , പ്രമോദ് നാരായണൻ , ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരാണ് കേരളാ കോൺഗ്രസ് സംഘത്തിൽ ഉണ്ടായിരുന്നത്.