തിരുവനന്തപുരം : കോവിഡ് ഇളവുകളെ തുടർന്ന് ജനജീവിതം സാധാരണ നിലയിലായിട്ടും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു.
വേണാടിൽ നേരത്തേ ഉണ്ടായിരുന്ന 18 ജനറൽ കോച്ചുകൾക്ക് പകരം ഇപ്പോൾ 8 എണ്ണം മാത്രമാണുള്ളത്. എന്നാൽ പാസഞ്ചറുകളുടെ കാര്യത്തിൽ റെയിൽവേ കണ്ണടയ്ക്കുകയാണ്. കോവിഡിനുശേഷം എറണാകുളം-കായംകുളം പാസഞ്ചർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, കോട്ടയം-എറണാകുളം പാസഞ്ചർ, കൊല്ലം-പുനലൂർ പാസഞ്ചർ, കൊല്ലത്തുനിന്നുള്ള മെമു സർവിസുകൾ എന്നിവ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് രൂക്ഷമായ യാത്ര പ്രതിസന്ധിയാണുള്ളത്.
എക്സ്പ്രസ് നിരക്ക് നൽകി യാത്രചെയ്യാമെന്ന് വെച്ചാലും പാസഞ്ചറുകളില്ലാത്തതിനാൽ എക്സ്പ്രസുകളിലെ ജനറൽ കോച്ചുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിട്ടും ഓഫീസ് സമയം പാലിക്കുന്ന ഒരു ട്രെയിൻപോലും ആലപ്പുഴ ജില്ലക്ക് ലഭിച്ചിട്ടില്ല. കൃത്യമായ ഗതാഗത സംവിധാനമില്ലാതെ പലരുടെയും ജോലി നഷ്ടപ്പെട്ടു.
നിത്യവൃത്തിക്ക് എറണാകുളം ജില്ലയെ ആശ്രയിക്കുന്ന സാധാരണക്കാരായ നിരവധിയാളുകളുടെ അന്നം മുടക്കുകയാണ് റെയിൽവേ ചെയ്തതെന്നുമുള്ള ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. വിവിധ റൂട്ടുകളിലായി സംസ്ഥാനത്ത് ഓടിയിരുന്ന 54 ഓളം പാസഞ്ചറാണ് കോവിഡിന്‍റെ പേരിൽ നിർത്തിയത്. എക്സ്പ്രസ് ട്രെയിനുകളിലടക്കം ജനറൽ കമ്പാർട്ട്മെന്‍റുകൾ പുനരാംഭിച്ചിട്ടും പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ റെയിൽവേ ചവിട്ടിപ്പിടിത്തം തുടരുകയാണ്.
പാസഞ്ചര്‍ ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവര്‍ അനുഭവിക്കുന്നത് വന്‍ ദുരിതം തന്നെയാണ്. വലിയ തിരക്കാണ് ഓരോ ട്രെയിനിലും കാണാന്‍ സാധിക്കുന്നത്. യാത്രക്കാരെ കൊണ്ട് നിറഞ്ഞ ട്രെയിനുകളില്‍ ശ്വാസം എടുക്കാന്‍ പോലും സാധിക്കാറില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം വേണാടിൽ ഉണ്ടായത് വാഗണ്‍ ദുരന്തത്തിന്റെ തനിയാവര്‍ത്തനമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതൊരു വേണാടിന്റെ മാത്രം കാര്യമല്ല. മറ്റു പ്രതിദിന ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വടക്കോട്ടും തെക്കോട്ടും ഓഫീസ് സമയം പാലിക്കുന്ന എല്ലാ ട്രെയിനുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതിനാല്‍ റിസര്‍വേഷന്‍ കോച്ചുകള്‍ പലതും കാലിയായാണ് സര്‍വീസ് നടത്തുന്നത്.