അമേരിക്കന്‍ നിര്‍മിത അത്യാധുനിക സാറ്റലൈറ്റ് ഗൈഡഡ് ബോംബുകള്‍ക്ക് യുക്രെയ്‌നില്‍ ലക്ഷ്യം പിഴയ്ക്കുന്നു. സാധാരണ ബോംബുകളെ അതീവ കൃത്യതയുള്ളവയാക്കി ഉയർത്തുന്ന ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷന്‍സ് (JDAM) കിറ്റുകളാണ് ഇപ്പോൾ യുക്രെയ്‌നില്‍ പരാജയം രുചിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളെ പ്രവര്‍ത്തന രഹിതമാക്കുന്ന റഷ്യയുടെ ജാമിങ് സംവിധാനമാണ് ഇത്തവണ അമേരിക്കയുടേയും യുക്രെയ്‌ന്റേയും കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട് അമേരിക്കൻ സാങ്കേതിക വിദ്യയെ തകരാറിലാക്കുന്നത്. 2022 സെപ്റ്റംബറില്‍ അമേരിക്കന്‍ നിര്‍മിത എജിഎം 88- ഹൈ സ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകള്‍ (HARMs) റഷ്യക്കെതിരെ പ്രയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുക്രെയ്ന്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.
റഷ്യയുടെ വ്യോമ പ്രതിരോധ റഡാറുകള്‍ക്കു നേരെ മിഗ് 29, സുഖോയ് 27 പോര്‍വിമാനങ്ങളില്‍ നിന്നായിരുന്നു മിസൈല്‍ യുക്രെയ്ന്‍ തൊടുത്ത് വിട്ടത്. ഇത് യുക്രെയ്ന് ചെറുതല്ലാത്ത മേധാവിത്തവും നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അമേരിക്ക തങ്ങളുടെ സാറ്റലൈറ്റ് ഗൈഡഡ് മിസൈല്‍ ജെഡിഎഎം യുക്രെയ്‌ന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. യുക്രെയ്‌ന്റെ ആകാശത്തു നിന്നുള്ള ബോംബ് ആക്രമണങ്ങള്‍ക്ക് അതീവ കൃത്യത ഈ മിസൈലുകള്‍ നല്‍കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.ഈ പദ്ധതിയാണ് ഇന്ന് വൻ പരാജയമായി മാറിയത്.