മോസ്‌കോ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികൾക്ക് വഴിയൊരുക്കുന്ന അമേരിക്കൻ ഉപരോധ ബിൽ ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി റഷ്യ. പുതിയ നിയമം യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് റഷ്യ വ്യക്തമാക്കി. ബില്ലിനെ സൗഹൃദപരമല്ലാത്ത നടപടിയെന്നാണ് റഷ്യ വിശേഷിപ്പിച്ചത്.‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന ബിൽ 262-159 വോട്ടിനാണ് യുഎസ് ജനപ്രതിനിധി സഭ പാസാക്കിയത്. 203 റിപ്പബ്ലിക്കൻമാരും 58 ഡെമോക്രാറ്റുകളും ഒരു സ്വതന്ത്ര അംഗവും ബില്ലിനെ അനുകൂലിച്ചപ്പോൾ ഏഴ് റിപ്പബ്ലിക്കൻമാരും 152 ഡെമോക്രാറ്റുകളും എതിർത്തു.
നേരത്തെ സെനറ്റും ബിൽ പാസാക്കിയിരുന്നു. ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചാൽ ഇത് നിയമമാകും.റഷ്യൻ ഭരണകൂടത്തിനും ഊർജ മേഖലയ്ക്കുമെതിരായ ഉപരോധങ്ങൾക്കൊപ്പം റഷ്യൻ എണ്ണ വ്യാപാരത്തിലെ ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളെയും ബിൽ ലക്ഷ്യമിടുന്നു. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താനുള്ള അധികാരം ട്രംപിന് നൽകുന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന റഷ്യൻ ഊർജ ഉപഭോക്താക്കൾക്ക് ഇതിന്റെ സാധ്യതയുള്ള പ്രത്യാഘാതം ശ്രദ്ധേയമാണ്.
ഇറാനെതിരായ കൂടുതൽ ഉപരോധങ്ങൾക്കും റഷ്യൻ എണ്ണ-വാതക വരുമാന ശൃംഖലയെ ലക്ഷ്യമിടുന്ന നടപടികൾക്കും ബിൽ വഴിയൊരുക്കുന്നു. അതേസമയം, അമേരിക്കയുടെ പുതിയ നീക്കം സമാധാന ചർച്ചകൾക്ക് തിരിച്ചടിയാകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ബിൽ ഇപ്പോൾ ട്രംപിന്റെ പരിഗണനയിലാണ്; ഒപ്പുവെച്ചാൽ റഷ്യക്കെതിരായ സാമ്പത്തിക സമ്മർദത്തിനൊപ്പം ഇന്ത്യയടക്കമുള്ള റഷ്യൻ ഊർജ ഉപഭോക്താക്കളിലും പുതിയ സമ്മർദം രൂപപ്പെടാനുള്ള സാഹചര്യമാണുള്ളത്.
































