റഷ്യ: എല്‍ജിബിടിക്യൂ സമൂഹത്തിന് തിരിച്ചടിയായ നിയമ നിര്‍മാണവുമായി റഷ്യ മുന്നോട്ട്. ലിംഗമാറ്റം നിരോധിക്കുന്നതിനുള്ള കരട് ബില്ലിന് റഷ്യന്‍ പാര്‍ലമെന്റ് അധോസഭ (സ്റ്റേറ്റ് ഡുമ) പാസാക്കി. ശസ്ത്രക്രിയയോ ഹോര്‍മോണ്‍ തെറാപ്പിയോ ഉള്‍പ്പെടെ ലിംഗമാറ്റത്തിനുള്ള വൈദ്യശാസ്ത്രപരമായ ഇടപെടലുകളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെയും വിലക്കുന്നതാണ് നിയമം. നിയമം നിലവില്‍ വരുന്നതോടെ 1997 മുതല്‍ നിയമാനുസൃതമായ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ മാറ്റങ്ങള്‍ വരുത്താനും റഷ്യക്കാര്‍ക്ക് ഇനി സാധിക്കില്ല.
ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ കുട്ടികളെ ദത്തെടുക്കുന്നതും വളര്‍ത്തുന്നതും തടയുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം. ദത്തുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം ദമ്പതികളിലൊരാള്‍ ലിംഗമാറ്റം നടത്തിയാല്‍ അവരുടെ വിവാഹം റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിയമം നിലവില്‍ വന്നാല്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെടും എന്നാണ് പ്രധാന വിമര്‍ശനം.