തിരുവനന്തപുരം: മേനംകുളത്ത് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ എസ്‌ഐ കടയില്‍ കയറി മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അസഭ്യം വിളിച്ചതായും പരാതിയുണ്ട്. എന്നാല്‍ മാസ്ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്നാണ് എസ്‌ഐ നല്‍കുന്ന വിശദീകരണം. കടയുടമയുടെ പരാതിയെത്തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സിറ്റി പോലിസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവമെന്ന് കടയുടമ പറയുന്നു. കടയുടെ മുന്നില്‍ പോലിസ് ജീപ്പ് നിര്‍ത്തി എസ്‌ഐ പുറത്തേക്കു വിളിപ്പിച്ചിരുന്നു. എന്നാല്‍ തിരക്കായതിനാല്‍ കടയ്ക്കുള്ളില്‍ നിന്നുതന്നെ കാര്യം തിരക്കിയതാണ് എസ്‌ഐയെ പ്രകോപിപ്പിച്ചത്. ജീപ്പില്‍ നിന്നിറങ്ങി കടയുടമയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നു പരാതിയില്‍ പറയുന്നു. മാസ്ക് ധരിക്കാത്തതിന് താക്കീത് ചെയ്തെന്നാണ് എസ്‌ഐയുടെ ന്യായീകരണം. എന്നാല്‍ കടയുടമ മാസ്ക് ധരിച്ചെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ എസ്‌ഐയ്ക്കെതിരെ നേരത്തേയും പരാതി ഉയര്‍ന്നിട്ടുണ്ട്.