വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ത്യയെ പക്ഷപാതപരമായി കവറേജ് ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. “ഞാന്‍ മാധ്യമങ്ങളെ നോക്കുന്നു. നിങ്ങള്‍ക്കറിയാവുന്ന ചില പത്രങ്ങളുണ്ട്. ഈ പട്ടണത്തില്‍ ഉള്‍പ്പെടെ അവര്‍ എന്താണ് എഴുതാന്‍ പോകുന്നത്”. യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ സമ്മേളനത്തില്‍ ജയശങ്കര്‍ പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപത്രമാണ് പ്രശസ്തമായ വാഷിംഗ്ടണ്‍ പോസ്റ്റ്. നിലവില്‍ ആമസോണിലെ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലാണ് പത്രം.
“നോക്കൂ, ഇന്ത്യ എത്രയധികം അതിന്റെ വഴിക്ക് പോകുന്നുവോ, തങ്ങളാണ് ഇന്ത്യയുടെ സംരക്ഷകരും രൂപകല്‍പ്പകരും എന്ന് വിശ്വസിക്കുന്ന ആളുകള്‍ക്ക് ഇന്ത്യയില്‍ സ്ഥാനം നഷ്ടപ്പെടും. ഈ സംവാദകര്‍ പുറത്ത് വരും. -ഈ രാജ്യത്ത് “ഇന്ത്യ വിരുദ്ധ ശക്തികള്‍” വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയശങ്കര്‍ പറഞ്ഞു. അത്തരം ഗ്രൂപ്പുകള്‍ “ഇന്ത്യയില്‍ വിജയിക്കുന്നില്ല” എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അത്തരം ഗ്രൂപ്പുകള്‍ പുറത്തു നിന്ന് വിജയിക്കാന്‍ ശ്രമിക്കുമെന്നും അല്ലെങ്കില്‍ പുറത്ത് നിന്ന് ഇന്ത്യയെ രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയങ്ങള്‍ അടക്കം മന്ത്രി പരാര്‍മശിച്ചു.
‘മാധ്യമങ്ങള്‍ എന്താണ് കവര്‍ ചെയ്യുന്നത്? മാധ്യമങ്ങള്‍ എന്താണ് കവര്‍ ചെയ്യാത്തത്’ -വിദേശകാര്യ മന്ത്രി ചോദിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് യു.എസ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അയഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. “നമ്മള്‍ അത് വിട്ടുകൊടുക്കരുത്. നമ്മള്‍ അതിനെ എതിര്‍ക്കണം. നമ്മള്‍ വിദ്യാഭ്യാസം നല്‍കണം. ആഖ്യാനം രൂപപ്പെടുത്തണം. ഇതൊരു മത്സര ലോകമാണ്. നമ്മുടെ സന്ദേശങ്ങള്‍ പുറത്തെടുക്കേണ്ടതുണ്ട്. അതാണ് നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം” -അമേരിക്കയിലെ ഇന്ത്യക്കാരോട് അദ്ദേഹം പറഞ്ഞു.