ചിറ്റാര്‍ : ശബരിഗിരി പദ്ധതിയില്‍ ജലനിരപ്പ് കുറഞ്ഞു. സംഭരണികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ വേനല്‍ മഴ പെയ്തെങ്കിലും കാര്യമായ നീരൊഴുക്ക് ഉണ്ടായില്ല. ദിവസവും ഒരടിയിലധികം വെള്ളം താഴുന്നുണ്ട്. സംഭരണികളിലെ ജലനിരപ്പ് താഴ്ന്ന് 45 ശതമാനത്തിലെത്തി. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 60.77 ശതമാനമായിരുന്നു.
കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ വേനല്‍ മഴയുടെ ശക്തി വളരെ കുറവാണ്. ശബരിഗിരി പദ്ധതിയില്‍ നിന്ന് വൈദ്യുതോല്‍പ്പാദത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഉപയോഗിച്ചാണ് കക്കാട് പദ്ധതിയുടെ പ്രവര്‍ത്തനം. കക്കി – ആനത്തോട് അണക്കെട്ടില്‍ 961.94 മീറ്ററും പമ്ബയില്‍ 971.7 മീറ്ററുമാണ് ജല നിരപ്പ്.
കഴിഞ്ഞ ദിവസം പമ്പയില്‍ 7 ഉം കക്കിയില്‍ 22 ഉം മില്ലി മീറ്റര്‍ മഴ പെയ്തു. കാലവര്‍ഷത്തിനുമുന്നോടിയായി പരമാവധി വെള്ളം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ജലനിരപ്പ് താഴ്ന്നതോടെ ആനത്തോട് ജലസംഭരണിക്കുള്ളിലെ കുന്നുകള്‍ പലയിടത്തും തെളിഞ്ഞ് തുടങ്ങി. പദ്ധതിയില്‍ രണ്ടുജനറേറ്റര്‍ ഒഴികെ ബാക്കി നാലും പൂര്‍ണ ശേഷിയിലാണ് പ്രവര്‍ത്തനം.