പത്തനംതിട്ട : കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തിയാൽ മതിയെന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നും സർക്കാർ ദേവസ്വം ബോർഡിനോടും ജില്ലാ ഭരണകൂടത്തിനോടും പോലീസ് മേധാവിയോടും നിർദ്ദേശിച്ചു. ഈ മാസം 29നാണ് കൊടിയേറ്റോട് കൂടി ശബരിമലയിൽ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് ശബരിമല നടതുറക്കും. ഏപ്രിൽ 8നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതല്ല.
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ നാളിതുവരെ 9 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളതാണ്. ജില്ലയിൽ 235 പേർ പ്രൈമറി കോൺടാക്ട് ലിസ്റ്റിലും 501 പേർ സെക്കണ്ടറി കോൺടാക്ട് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ളതും ഇവരെ ഹോം ഐസൊലേഷാനിൽ പ്രവേശിപ്പിച്ചിട്ടുള്ളതുമാണ്. ഇതുമായി ബന്ധപ്പെട്ട അടിയന്തിരഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കി വരികയുമാണ്.
രാജ്യത്ത് കൊവിഡ് 19 രോഗബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രോഗവ്യാപ്തി വർധിക്കുന്നതിന് കാരണമാകുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.