കൊടുമൺ: വിമാനത്താവള പദ്ധതി കൊടുമണ്ണിന്റെ മണ്ണിൽ വേണമെന്ന് ആക്ഷൻ കൗൺസിൽ. കൊടുമൺ കേരള പ്ലാന്റേഷൻ കോർപറേഷൻ ഉടമസ്ഥതയിൽ കൊടുമണ്ണിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ വക സ്ഥലത്ത് തരിശായി കിടക്കുന്ന സ്ഥലം ഉൾപ്പെടുത്തി വിമാനത്താവളത്തിന് അനുമതി നേടുന്നതിനായി കൊടുമൺ പഞ്ചായത്ത് ഭരണസമിതി ഉൾപ്പടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ജനകീയ മുന്നേറ്റത്തിന് തുടക്കമിട്ടു.
1200 ഏക്കറിൽ കൂടുതൽ സ്ഥലമുള്ള പ്ലാന്റെഷനിൽ നിന്നും വിമാനത്താവളത്തിന് ആവശ്യമായി വരുന്ന 300 ഏക്കറോ അതിലധികമോ ഏറ്റെടുത്ത് മതിയായ അനുമതി ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി മാത്രമാണ് പ്രാരംഭമായി വേണ്ടുന്നത്. പ്ലാന്റേഷൻ ഭാഗീകമായി നിലവിൽ കൃഷിയില്ലാത്തതിനാൽ വിമാനത്താവളത്തിന് ആവശ്യമായി വരുന്ന 300 ഏക്കർ ലഭ്യമാക്കിയാലും കാര്യമായ തൊഴിൽ നഷ്ടം ഉണ്ടാവാനും സാഷ്യതയില്ല എന്നും യോഗം ചൂണ്ടിക്കാട്ടി.
സർക്കാർ ഭൂമി ആയതിനാൽ സ്ഥലം ഏറ്റെടുക്കലിന്റെയോ മറ്റ് ബുദ്ധിമുട്ടുകളോ സ്വകാര്യ വസ്തു ഏറ്റെടുക്കൽ പോലെ ഉണ്ടാവില്ലെന്നും കൗൺസിൽ വിലയിരുത്തി. പ്രധാന പാതകളായ പുനലൂർ – മൂവാറ്റുപുഴ പാതയിലേക്കും കെ. പി. റോഡിലേക്കും കേവലം 5 കിലോമീറ്ററും എം. സി. റോഡിലേക്ക് കേവലം 15 കിലോമീറ്റെറും ദൂരമാണ് ഉള്ളത്. മേഖലയിലെ തന്നേ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ദൂരപരിധിയിൽ അടുത്ത് തന്നെയാണ്.
ആക്ഷൻ കൗൺസിൽ യോഗം കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കൗൺസിൽ ഭാരവാഹികളായി കെ. കെ. ശ്രീധരൻ (ചെയർമാൻ) എ. വിജയൻ നായർ, പഴകുളം സുഭാഷ്, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, അജികുമാർ രണ്ടാംകുറ്റി, സുരേഷ് കുമാർ കുഴുവേലിൽ (വൈസ്. ചെയർമാൻ) വർഗീസ് പേരയിൽ (ജെനറൽ കൺവീനർ ) എ. സുസ്ലോവ്, ബിജു വർഗീസ്, സാബു ജോർജ്, രാജൻ സുലൈമാൻ, പി. പി. ജോർജ് കുട്ടി (ജോയിന്റ് കൺവീനർ), വി. കെ. സ്റ്റാൻലി (സെക്രട്ടറി), ജോൺസൺ കുലത്തിങ്കരോട്ട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.