തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ത്തട്ടി സിപിഎമ്മിന്റെ പ്രതിരോധം പൊളിയുന്നു. ഈ വിഷയം ആര് ഉയര്‍ത്തിയാലും ഇതേക്കുറിച്ച് മൗനം പാലിക്കണമെന്ന ഉപദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യ കേരളയാത്ര ആരംഭിച്ചപ്പോള്‍ത്തന്നെ ശബരിമല വിഷയം പ്രചരണായുധമാക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് പ്രകടനപത്രികയിലും ഇത് മുഖ്യവിഷയമായി അവതരിപ്പിക്കാനാണ് പദ്ധതി. സിപിഎമ്മിന് ലഭിക്കാവുന്ന ഹിന്ദുവോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിന് ശബരിമല വിഷയം പോലെ വൈകാരികമായി സ്വാധീനിക്കാവുന്ന വിഷയം വേറെയില്ല. ഇതിനെ സിപിഎം ഭയപ്പെടുന്നുണ്ട്.
രണ്ട് സ്ത്രീകളെ പോലീസ് സംരക്ഷണത്തോടെ ശബരിമല കയറ്റിയ സംഭവവും സ്ത്രീപ്രവേശം തടയാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് 250ല്‍ പരം കേസുകള്‍ പിണറായി സര്‍ക്കാര്‍ ചാര്‍ത്തി നല്‍കിയതും പരിപാവനമായ ശബരിമല യുദ്ധക്കളമാക്കിയതുമായ സംഭവങ്ങള്‍ മലയാളികളുടെ മനസ്സില്‍ എളുപ്പം ഉണങ്ങുന്ന മുറിവുകളല്ല. ഇക്കാര്യത്തില്‍ പ്രതിരോധം ബുദ്ധിമുട്ടാവുമെന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കറിയാം. അതിനാലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനെതിരെ മൗനം പാലിക്കാന്‍ സ്വന്തം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയും ശബരിമലപ്രശ്‌നത്തെ ചര്‍ച്ചാവിഷയമാക്കാന്‍ തയ്യാറെടുക്കുകയാണ്. അങ്ങിനെയെങ്കില്‍ ഇക്കാര്യത്തില്‍ സിപിഎം ഏറെ ബുദ്ധിമുട്ടേണ്ടിവരും.