ശബരിമല : സന്നിധാനത്ത് ഇതുവരെ 43 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് വകുപ്പ് അറിയിച്ചു. സന്നിധാനം, മരക്കൂട്ടം, ഉരക്കുഴി, പാണ്ടിത്താവളം മേഖലയില്‍ സിഗരറ്റിന്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉപയോഗത്തിനെതിരെയുള്ള കോട്പ നിയമം കര്‍ശനമായി നടപ്പാക്കുകയാണ്.
പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കോട്പ ആക്ട് പ്രകാരം ഇതുവരെ 43 കേസുകളിലായി 8600 രൂപ പിഴ ചുമത്തിയതായി സന്നിധാനം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ദിവാകരന്‍ പറഞ്ഞു. അരക്കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഇവ സന്നിധാനം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി നീക്കം ചെയ്തു. എക്സൈസ് വകുപ്പിന്റെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്ന് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, എട്ട് സിവില്‍ സ്റ്റാഫുകള്‍ എന്നിവരാണ് സന്നിധാനത്ത് സേവനമനുഷ്ടിക്കുന്നത്.