പത്തനംതിട്ട : ശബരിമല ദര്‍ശനത്തിന് മലകയറുന്ന അയ്യപ്പഭക്തന്മാര്‍ക്ക് സുരക്ഷ ശക്തമാക്കി വനം വന്യജീവി വകുപ്പ്. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന യാത്രാപാത പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയില്‍പ്പെടുന്നതാണ്. ഈ പാത കടന്ന് പോകുന്ന പലയിടങ്ങളിലൂടെയും വന്യജീവികള്‍ സഞ്ചരിക്കുന്നതിനാലാണ് അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ നാലിന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തര്‍ക്കും രാത്രി തിരിച്ചിറങ്ങുന്നവര്‍ക്കും ആയുധധാരികളായ വനം വകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ സുരക്ഷിതമായി കാനന പാതയിലൂടെ യാത്രചെയ്യാമെന്ന് സെക്ഷന്‍ റേഞ്ച് ഓഫീസര്‍ പി.കെ. രാജേഷ് പറഞ്ഞു.
വന്യജീവികളില്‍ നിന്നും തീര്‍ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് പുറമേ മലിനീകരണത്തിനെതിരേ ബോധവത്കരണം, ഇഴ ജന്തുക്കളില്‍ നിന്നുള്ള ശല്യം ഒഴിവാക്കല്‍ എന്നിവയും വന വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നുണ്ട്. നിലവിലെ ബാച്ചിന്റെ കാലാവധി ഡിസംബര്‍ 14 വരെയാണ്. 14 മുതല്‍ 29 വരെയാണ് അടുത്ത ബാച്ചിന്റെ സേവനം ശബരിമലയിലുണ്ടാവുക. 10 പേരാണ് ഒരു ബാച്ചിലുള്ളത്. ഒരു റേഞ്ച് ഓഫീസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, എട്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരാണ് ഒരു ബാച്ചിലുള്ളത്. നട തുറന്നത് മുതല്‍ ഇതുവരെ 37 ഇഴജന്തുക്കളെ സന്നിധാന പരിസരത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. കൂടാതെ വനം വകുപ്പിനെ സംബന്ധിച്ച് എന്ത് ആവശ്യത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സന്നിധാനത്ത് സജ്ജമായിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 04735 202077, റേഞ്ച് ഓഫീസര്‍: 9447586833.