റാന്നി : മണ്ഡലക്കാലം തുടങ്ങിയിട്ടും അയ്യപ്പന്‍മ്മാര്‍ക്കായുള്ള ഇടത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയില്ല. നാറാണംമൂഴി പഞ്ചായത്തിലെ പ്രധാന ഇടത്താവളമായ അത്തിക്കയം അറയ്ക്കമണ്ണില്‍ പേപ്പറകളില്‍ മാത്രം ഒതുങ്ങി. പമ്പാനദിയിലേയ്ക്ക് ഇറങ്ങുന്ന പടവുകള്‍ക്കരികിലായി സ്ഥിരം നിര്‍മ്മിക്കാറുണ്ടായിരുന്ന താത്ക്കാലിക ശുചിമുറികള്‍ ഇത്തവണ നിര്‍മ്മിച്ചിട്ടില്ല. ഇതു നിര്‍മ്മിക്കാന്‍ കരാറായെന്നു പറയുന്നെങ്കിലും ജോലികള്‍ ആരംഭിച്ചിട്ടില്ല.
അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്ന സ്ഥലം ചെളിക്കുണ്ടായി കിടക്കുകയാണ്. കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള ടാങ്ക് വൃത്തിഹീനമായി കിടക്കുകയാണ്. എരുമേലി വഴിയെത്തുന്ന വലിയ വാഹനങ്ങളിലെ തീര്‍ത്ഥാടകര്‍ ശബരിമലയ്ക്കുള്ള യാത്രക്കിടെ വിശ്രമിക്കാനും സ്നാനത്തിനുമായി തങ്ങുന്ന പ്രധാന ഇടത്താവളമാണ് അത്തിക്കയം.പഞ്ചായത്ത് ഭരണ സമതിയുടെ അനാസ്ഥമൂലം വലയുന്നത് അന്യസംസ്ഥാനത്തു നിന്നടക്കമെത്തുന്ന ഭക്തരാണ്.