ശബരിമല : ശബരിമല ശ്രീകോവിലില്‍ ഉണ്ടായ ചോര്‍ച്ച അടയ്‌ക്കുന്ന പണികള്‍ പൂര്‍ത്തിയായി. രണ്ട് പാളികള്‍ ചേരുന്ന ഭാഗം പ്രത്യേകം പശ ഉപയോഗിച്ചാണ് ഒട്ടിച്ചത്. സ്വര്‍ണപ്പാളികള്‍ ചേര്‍ക്കാന്‍ 520 പിച്ചള ആണികളും ഉപയോഗിച്ചു. വെള്ളം ഒഴിച്ച് നടത്തിയ പരിശോധനയില്‍ 13 സ്ഥലങ്ങളിലാണ് ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാ സ്ഥലങ്ങളിലെയും ചോര്‍ച്ച അടച്ചു.
മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച തുരുമ്പിച്ച ആണികള്‍ മാറ്റി പുതിയത് ഘടിപ്പിച്ചു. ഒരിഞ്ചിന്‍റെതിന് പകരം ഒന്നര ഇഞ്ചിന്‍റെആണിയാണ് സ്ഥാപിച്ചത്. കാലപ്പഴക്കം കൊണ്ട് ഇളകിപ്പോയ സിലിക്കണ്‍ പശയ്‌ക്ക് പകരം പുതിയ പശയും ഒട്ടിച്ചിട്ടുണ്ട്.
ശ്രീകോവിലും മണ്ഡപവും ബന്ധിപ്പിക്കുന്ന ഭാഗത്തെ പാത്തി അഴിച്ച് ചെമ്പ് പൊതിഞ്ഞു. അതിന്‍റെ ചോര്‍ച്ചയും അടച്ചു. പതിനെട്ടാംപടിക്കു സമീപത്തെ മണിയുടെ തൂണിലെ പിച്ചളത്തകിടും നേരെയാക്കി. ചോര്‍ച്ച അടയ്‌ക്കലിന് ശേഷം ശ്രീകോവില്‍ പൂര്‍ണമായും കഴുകി മിനുക്കിയിട്ടുണ്ട്.